
ക്യാപ്റ്റൻ ഗില്ലിന് ഡബിൾ; ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 587ന് ഓൾഔട്ട്
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 587 റൺസെടുത്തു പുറത്ത്. റെക്കോർഡുകൾ തകർത്തെറിഞ്ഞ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ ഇന്നിങ്സാണ് രണ്ടാം ദിനം ഇന്ത്യയ്ക്കു മികച്ച സ്കോർ സമ്മാനിച്ചത്. മത്സരത്തിൽ 387 പന്തുകൾ നേരിട്ട ഗിൽ 269 റണ്‍സെടുത്തു പുറത്തായി. ജോഷ് ടോങ്ങിന്റെ പന്തിൽ ഒലി പോപ് ക്യാച്ചെടുത്താണു ഗില്ലിനെ മടക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ബർമിങ്ങാമിൽ ഗിൽ സ്വന്തമാക്കിയത്. 311 പന്തുകളിൽനിന്നാണ് ഗിൽ 200 റൺസ് പിന്നിട്ടത്. ആദ്യ ദിനം 199 പന്തുകളിൽനിന്നാണ് ഗിൽ സെഞ്ചറിയിലെത്തിയത്. രണ്ടാം ദിനവും ബാറ്റിങ് തുടർന്ന ഗിൽ റെക്കോർഡ് പ്രകടനവുമായി ഗ്രൗണ്ട് വിട്ടു. അഞ്ചിന് 211 എന്ന നിലയിൽനിന്ന് ഇന്ത്യൻ സ്കോർ 500 പിന്നിടുന്നതിൽ ഗില്ലിന്റെ പ്രകടനം നിർണായകമായി.
137 പന്തുകൾ നേരിട്ട ജഡേജ 89 റൺസെടുത്തു പുറത്തായി. 108–ാം ഓവറിൽ ജോഷ് ടോങ്ങിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജെയ്മി സ്മിത്ത് ക്യാച്ചെടുത്താണു ജഡേജയെ പുറത്താക്കിയത്. വാലറ്റത്ത് 103 പന്തിൽ 42 റൺസെടുത്ത വാഷിങ്ടൻ സുന്ദറും രണ്ടാം ദിവസം തിളങ്ങി. ഒന്നാംദിനം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 310 റൺസെന്ന നിലയിലാണു കളി അവസാനിപ്പിച്ചത്. ആക്രമണ ബാറ്റിങ്ങിലൂടെ ഇന്ത്യയ്ക്കു മികച്ച തുടക്കം നൽകിയത് ഓപ്പണർ ജയ്സ്വാൾ ആണെങ്കിൽ വിക്കറ്റ് നഷ്ടങ്ങൾക്കിടയിൽ മധ്യനിരയെ താങ്ങിനിർത്തിയത് ക്യാപ്റ്റൻ ഗില്ലാണ്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 66 റൺസും ഇന്നിങ്സിൽ നിർണായകമായി. ഗില്ലിന്റെ ഏഴാം ടെസ്റ്റ് സെഞ്ചറിയാണിത്. ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലും ഗിൽ സെഞ്ചറി നേടിയിരുന്നു. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. ന്യൂബോളിൽ താളം കണ്ടെത്താതെ വലഞ്ഞ കെ.എൽ.രാഹുലിനെ (2) ക്രിസ് വോക്സ് ബോൾഡാക്കി. മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ കരുൺ നായർ (31) തുടർച്ചയായ ബൗണ്ടറികളിലൂടെ ഇന്ത്യയെ വിക്കറ്റ് വീഴ്ചയുടെ സമ്മർദത്തിൽനിന്ന് കരകയറ്റി. 90 പന്തിൽ 80 റൺസാണ് ഇവരുടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ പിറന്നത്.