
കോഴിക്കോട് കാട്ടാന ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്ക്
കോഴിക്കോട് കാട്ടാന ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്ക്. കാവിലുംപാറയിലെ തങ്കച്ചൻ, ഭാര്യ ആനി എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും കാവിലുംപാറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലേമുക്കാലോടു കൂടിയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാന കുട്ടിയാണ് ആക്രമണം നടത്തിയത്.
കാട്ടാന ഇവരുടെ വീട്ടുമുറ്റത്തെത്തുകയായിരുന്നു. ഈ സമയത്ത് തങ്കച്ചൻ വീട്ടിൽ ഉണ്ടായിരുന്നില്ല. കാട്ടാനയെ കണ്ട ഉടൻ ഭാര്യ ആനി ഈ തങ്കച്ചനെ വിളിച്ചു വരുത്തുകയായിരുന്നു. തങ്കച്ചൻ വരുന്ന സമയത്ത് കാട്ടാന ആനിയെ ഓടിക്കുന്നതാണ് കണ്ടത്. തുടർന്ന് തങ്കച്ചൻ നിലവിളിച്ചു. ഇതോടെ കാട്ടാന കുട്ടി തങ്കച്ചന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഓടുന്നതിനിടെ തങ്കച്ചൻ മറിഞ്ഞു വീണു. പിന്നാലെ എത്തിയ കാട്ടാന കുട്ടി വലതു കൈക്ക് ചവിട്ടുകയും, തുമ്പിക്കൈ ഉപയോഗിച്ചുകൊണ്ട് ഉരുട്ടുകയും ചെയ്യുകയായിരുന്നു.
കാട്ടാന കുട്ടി ആയതിനാൽ മാത്രമാണ് താൻ രക്ഷപ്പെട്ടത് എന്ന് തങ്കച്ചൻ പറയുന്നു. പരുക്കേറ്റ ഇരുവരെയും കുറ്റ്യാടിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൂരണി, കരിങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ കാട്ടാനകളുടെ അക്രമവും വന്യജീവികളുടെ അക്രമവും നിരന്തരം ഉണ്ടാകുന്നുണ്ട്. പ്രശ്നത്തിന് ഉടനടി പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.