മുൻ ഇന്ത്യൻ അണ്ടർ 19 താരം അമൻപ്രീത് സിങ് ഗിൽ അന്തരിച്ചു
മുൻ ഇന്ത്യൻ അണ്ടർ-19 താരവും പഞ്ചാബ് മീഡിയം പേസറുമായിരുന്ന അമൻപ്രീത് സിംഗ് ഗിൽ (36) ബുധനാഴ്ച ചണ്ഡീഗഡിൽ അന്തരിച്ചു. മരണകാരണം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അണ്ടർ-19 തലത്തിൽ വിരാട് കോലിയുടെ സഹതാരമായിരുന്ന അമൻപ്രീത്, പഞ്ചാബ് ക്രിക്കറ്റിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.
2006-നും 2008-നും ഇടയിൽ പഞ്ചാബിനായി ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ കളിച്ച അദ്ദേഹം 11 വിക്കറ്റുകൾ നേടിയിട്ടുണ്ട്. പ്രഥമ ഐപിഎൽ സീസണിൽ പഞ്ചാബ് കിംഗ്‌സ് (അന്ന് കിംഗ്‌സ് ഇലവൻ പഞ്ചാബ്) ടീമിൽ അംഗമായിരുന്ന അദ്ദേഹം, പിന്നീട് പഞ്ചാബ് സീനിയർ സെലക്ഷൻ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. അമൻപ്രീതിനോടുള്ള ആദരസൂചകമായി ബുധനാഴ്ച ഹൈദരാബാദിൽ നടന്ന സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് താരങ്ങൾ കറുത്ത ആംബാൻഡ് ധരിച്ചാണ് കളിച്ചത്.

