കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം; നഷ്ടം 50 കോടി
കോഴിക്കോട് പാളയം ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തത്തില്‍ നഷ്ടം അന്‍പത് കോടിയെന്ന് വിലയിരുത്തല്‍. ഷോറൂം മാനേജര്‍ അജേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ പൊലീസ് ബുധനാഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അജേഷിന്റെ മൊഴി പ്രകാരം ജയലക്ഷ്മി സില്‍സ്‌കില്‍ അന്‍പത് കോടിയുടെ നഷ്ടം സംഭവിച്ചതായാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഭവത്തില്‍ ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച ജയലക്ഷ്മി സില്‍ക്‌സില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടന്നിരുന്നു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായിരുന്നു പരിശോധന. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രണ്ടാം നിലയിലാണ് തീപടര്‍ന്നതെന്നാണ് ഫയര്‍ഫോഴ്‌സ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ ഫയര്‍ റസിസ്റ്റ് ഓട്ടാമാറ്റിക് സ്പ്രിങ്ഗ്ലറുകള്‍ പ്രവര്‍ത്തിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ തുണിത്തരങ്ങളിലേക്ക് തീ പടര്‍ന്നുപിടിച്ചതോടെ രണ്ടും മൂന്നും നിലയിലേക്ക് ആളിപ്പടരുകയായിരുന്നു. ജില്ലാ ഫയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് വ്യാഴാഴ്ച ജില്ലാ കളക്ടര്‍ക്ക് കൈമാറും.

