ഒരു രാഷ്ട്രീയക്കാരനും ക്രിസ്ത്യാനിയെ ചുമക്കേണ്ട; പി സി ജോർജിനെതിരെ കെസിബിസി
വിദേശസംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആർഎ) ഭേദഗതിയെ വിമർശിച്ച ക്രൈസ്തവ സഭാ നേതൃത്വത്തെ അധിക്ഷേപിച്ച പി സി ജോർജിനെതിരെ കടുത്ത വിമർശനവുമായി കെസിബിസി. എഫ്‌സിആർഎ ഭേദഗതി ബില്ലിലെ വിവാദ വ്യവസ്ഥകൾ പിൻവലിക്കണമെന്ന ക്രൈസ്തവസഭാ മേലദ്ധ്യക്ഷൻമാരുടെ പ്രതികരണങ്ങൾക്കെതിരെ ചില രാഷ്ട്രീയ നേതാക്കളിൽ നിന്നുയരുന്ന അപസ്വരങ്ങൾ അപക്വവും നീതിക്ക് നിരക്കാത്തതുമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള പറഞ്ഞു.
'ക്രിസ്ത്യാനിയുടെ 'പേറ്റന്റ്' (കുത്തകാവകാശം) ഒരു രാഷ്ട്രീയ പാർട്ടിയും ഏറ്റെടുക്കണ്ട. സഭാപിതാക്കൻമാരുടെ ആശങ്കകൾക്കെതിരെ വെല്ലുവിളിച്ച് പ്രതികരിക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കൾ ഒരു കാര്യം ഓർമ്മിക്കുന്നത് ഉചിതമായിരിക്കും സമുദായ നേതാക്കളോ, ബിഷപ്പുമാരോ നിങ്ങളുടെ ആരുടെയും അടിമകളല്ലെന്നുള്ളത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അരമനകൾ കയറിയിറങ്ങുകയും, തെരഞ്ഞെടുപ്പ് കഴിയുമ്പോൾ 'പാലം കടക്കുവോളം നാരായണ പാലം കടന്നുകഴിഞ്ഞാൽ കൂരായണ' പ്രതിഭാസം ഇവിടെ വിലപ്പോവില്ല. വിരട്ടിയാൽ വിരളുന്നവരല്ല സഭാനേതൃത്വം. രാഷ്ട്രീയപാർട്ടികളുടെ ചരടിൽ സമുദായങ്ങളെ കെട്ടിയിടാമെന്ന് ആരും വ്യാമോഹിക്കേണ്ട. ആരും തലമറന്ന് എണ്ണ തേക്കരുത്.
ഒരു രാഷ്ട്രീയക്കാരനും ക്രിസ്ത്യാനിയെ ചുമക്കണ്ട. രണ്ടരശതമാനം വരുന്ന ക്രിസ്ത്യാനികളാണ് ഈ രാജ്യത്ത് ആതുരാലയങ്ങളും വിദ്യാകേന്ദ്രങ്ങളും നിർമ്മിച്ച് ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും വിപ്ലവം സൃഷ്ടിച്ചതെന്ന കാര്യം രാഷ്ട്രീയ നേതാക്കൾ വിസ്മരിക്കരുത്,' പ്രസാദ് കുരുവിള പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾ ക്രൈസ്തവ സഭകളുടെ മുഖമുദ്രയാണെന്നും എഫ്‌സിആർഎ വിഷയത്തിൽ ബിഷപ്പുമാരുടെ ആശങ്കയിൽ സഭാമക്കളുടെ സമ്പൂർണ്ണ പിന്തുണ അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

