
തലശ്ശേരി തിരുവങ്ങാട് ചമ്പാട് റോഡ് യഥാർത്ഥ്യമാക്കും: സ്പീക്കർ
തലശ്ശേരി തിരുവങ്ങാട് ചമ്പാട് റോഡ് യഥാർഥ്യമാക്കുമെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വികസനസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം തടയിടാൻ ശ്രമിക്കുന്നവർ ഒറ്റപ്പെടും എന്നല്ലാതെ വികസനം മുടക്കാൻ സാധിക്കില്ലെന്നും സ്പീക്കർ പറഞ്ഞു. പഞ്ചായത്തിൽ സ്ഥാപിച്ച 40 നീരിക്ഷണ ക്യാമറകളുടെ ഉദ്ഘാടനവും സ്പീക്കർ നിർവഹിച്ചു. കുടിവെള്ള പദ്ധതി, കുളനിർമ്മാണം,ലൈഫ് ഭവന പദ്ധതി, അങ്കണവാടി എന്നിവയ്ക്ക് ഭൂമി വിട്ടുനൽകിയ 11 പേരെ ആദരിച്ചു. ബൊക്കാഷി ബക്കറ്റ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഇ വിജയൻ മാസ്റ്റർ ശുചിത്വ സമിതി ചെയർമാൻ കെ.കെ മോഹനന് നൽകി നിർവഹിച്ചു.
വികസന സദസ്സ് സംബന്ധിച്ച സംസ്ഥാനതല റിപ്പോര്‍ട്ട് ജില്ലാ റിസോഴ്സ് പേഴ്സണ്‍ കെ.പി സജീന്ദ്രൻ അവതരിപ്പിച്ചു. റിസോഴ്സ് പേഴ്സൺ കെ.വി ശശിധരൻ പഞ്ചായത്ത്തല വികസനങ്ങളുടെ അവതരണവും നടത്തി. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി വി.എം ഷീജ അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പ്രദര്‍ശിപ്പിച്ചു. പ്രോഗ്രസ് റിപ്പോര്‍ട്ട് വിതരണം ചെയ്തു. തുടര്‍ന്ന് പഞ്ചായത്തിന്റെ ഭാവി വികസനത്തിനാവശ്യമായ ആശയങ്ങളും നിര്‍ദേശങ്ങളും പൊതു ജനങ്ങള്‍ അവതരിപ്പിച്ചു.
ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വികസന സദസ്സില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ മണിലാൽ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.പി രമ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ രവീന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.പി സുരേന്ദ്രൻ, എം.വി ബീന, പി സന്തോഷ്, രാഷ്ട്രീയ പ്രതിനിധികളായ കെ ജയരാജൻ, പന്ന്യന്നൂർ രാമചന്ദ്രൻ, കെ ഗോപലൻ, കെ രവിന്ദ്രൻ എന്നിവർ പങ്കെടുത്തു.
നിര്‍ദേശങ്ങളുമായി ഓപ്പണ്‍ ഫോറം
കൂടുതല്‍ വികസിതമായ പന്ന്യന്നൂർ എന്ന ലക്ഷ്യം കൈവരിക്കാന്‍ പൊതുജനങ്ങള്‍ അവതരിപ്പിച്ച നിര്‍ദ്ദേശങ്ങളും ആശയങ്ങളുമായി
വികസനസദസ്സ് ഓപ്പണ്‍ ഫോറം സജീവമായി. പാനൂർ ബ്ലോക്കിന് ഭൂഗർഭജലം കുറവാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ കുടിവെള്ള സംരക്ഷണം ഊർജിതമാക്കണം, കൂടുതൽ എം സി എഫുകൾ സ്ഥാപിക്കണം, സ്പോർട്സ് കൗൺസിലുകൾ കാര്യക്ഷമമായി പ്രവർത്തിക്കണം, ഒരു വാർഡിൽ ഒരു കളിസ്ഥലം പദ്ധതി നടപ്പിലാക്കണം, കാർഷിക മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണം, കെട്ടിടമില്ലാത്ത രണ്ട് അങ്കണവാടികൾക്ക് കെട്ടിടം നിർമിക്കണം, ഇടറോഡുകൾ കൂടുതൽ ഗതാഗത യോഗ്യമാക്കണം, തെരുവ് വിളക്കുകൾ സ്ഥാപിക്കണം, വയോജനങ്ങൾക്ക് പകൽ വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കണം, പ്രകൃതി ദുരന്തങ്ങളിൽ നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തര ധനസഹായം നൽകണം, പഴശ്ശി കനാൽ വൃത്തിയായി സൂക്ഷിക്കണം, മുഴുവൻ വീടുകളിലും സെപ്റ്റിക് ടാങ്കുകൾ നിർബന്ധമാക്കണം തുടങ്ങിയ ആശയങ്ങള്‍ വികസന സദസ്സില്‍ ചര്‍ച്ചയായി.