
കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുക ലക്ഷ്യം: മന്ത്രി സജി ചെറിയാൻ
* വിഷൻ 2031: യുവജനകാര്യ വകുപ്പ് സെമിനാർ
കേരളത്തെ അഞ്ചു വർഷം കൊണ്ട് പൂർണമായും വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്ക് പരിവർത്തനം ചെയ്യുകയാണ് വിഷൻ 2031-ലൂടെ യുവജനകാര്യ വകുപ്പ് വിഭാവനം ചെയ്യുന്നതെന്ന് യുവജന, സാംസ്‌കാരിക, മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വിഷൻ 2031-ന്റെ ഭാഗമായി കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്‌മാൻ മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച യുവജനകാര്യ വകുപ്പിന്റെ സംസ്ഥാനതല സെമിനാറിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീ-പുരുഷ സമത്വം, കാർഷിക-ചെറുകിട മേഖലകളിൽ സാങ്കേതിക നവീകരണം, അധികാരവികേന്ദ്രീകരണത്തിൽ യുവജന പങ്കാളിത്തം, കൂടുതൽ തൊഴിലവസരങ്ങൾ, യുവജനങ്ങളുടെ മാനസിക-ശാരീരിക ആരോഗ്യം എന്നിവയിൽ ഊന്നി യുവജനക്ഷേമം ഉറപ്പാക്കിക്കൊണ്ട് സംസ്ഥാനത്തിന് എങ്ങനെ മുന്നോട്ട് പോകാം എന്നതിലുള്ള ആശയരൂപീകരണമാണ് സെമിനാറിലൂടെ നടത്താൻ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കിടയിലെ ഉയർന്ന തൊഴിലില്ലായ്മയാണ് കേരളം നിലവിൽ നേരിടുന്ന വെല്ലുവിളികളിൽ പ്രധാനമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പി എസ് സി വഴി ഏറ്റവും കൂടുതൽ നിയമനങ്ങൾ നൽകി മാതൃകയായ സംസ്ഥാനമാണ് കേരളമെങ്കിലും 15നും 29നും ഇടയിൽ പ്രായമുള്ളവരിൽ 29.19 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ഇത് ദേശീയ ശരാശരിയുടെ ഏതാണ്ട് മൂന്ന് മടങ്ങാണ്. കേരളത്തിൽ തൊഴിലിന്റെ ലഭ്യതക്കുറവല്ല, മറിച്ച് വിദ്യാസമ്പന്നരായ യുവതയുടെ കഴിവിനും താൽപര്യത്തിനും പ്രതീക്ഷകൾക്കും അനുസരിച്ചുള്ള തൊഴിലവസരങ്ങൾ ഉണ്ടാകുന്നില്ല എന്നതാണ് പ്രശ്നം. ഇതിന്റെ ഫലമാണ്, അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിലെത്തുന്നതും കേരളത്തിലെ ചെറുപ്പക്കാർ വിദേശ രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്നതും. വിദേശ സർവ്വകലാശാലകളിലെ പഠനത്തിനായി വിദ്യാർത്ഥി കുടിയേറ്റം വർദ്ധിക്കുന്ന പ്രവണതയും ഇതാണ് സൂചിപ്പിക്കുന്നത്.
കാർഷിക-ചെറുകിട മേഖലകളിൽ സാങ്കേതിക നവീകരണം നടപ്പിലാക്കണം. ഐ.ടി., ബയോടെക്നോളജി, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ വിജ്ഞാന കേന്ദ്രീകൃത വ്യവസായങ്ങളിലേക്ക് നിക്ഷേപം ആകർഷിക്കണം. മാറിവരുന്ന തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ച് അഭ്യസ്തവിദ്യരുടെ വികസനം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. സ്ത്രീ-പുരുഷ സമത്വം, സ്വാതന്ത്ര്യം എന്നിവ സംബന്ധിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന പിന്തിരിപ്പൻ ആശയപരിസരം മാറേണ്ടതുണ്ട്. കേരളത്തെ കൂടുതൽ ആധുനീകരിക്കുന്നതിനുള്ള പരിവർത്തനം 2031-ഓടെ ആസൂത്രിതമായി നടപ്പിലാക്കണം. യുവജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ലഹരി ഉപയോഗത്തിൽ നിന്ന് അവരെ പിൻതിരിപ്പിക്കാനുമായി ദീർഘകാല പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള വികസന മാതൃകയുടെ കരുത്തായ അധികാര വികേന്ദ്രീകരണത്തിലും പ്രാദേശിക നേതൃത്വത്തിലും സുസ്ഥിര വികസനത്തിലും നവീകരണത്തിലും യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. കോവിഡ് മഹാമാരി, പ്രളയം തുടങ്ങിയ പ്രതിസന്ധിഘട്ടങ്ങളിൽ പ്രാദേശിക നേതൃത്വത്തിനൊപ്പം യുവജനങ്ങൾ വഹിച്ച പങ്ക് വലുതാണ്. ഈ അനുഭവങ്ങളുടെ വെളിച്ചത്തിൽ, യുവജനങ്ങളുടെ വളണ്ടിയർ ഗ്രൂപ്പ് സംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. അഭ്യസ്തവിദ്യരായ, മുഴുവൻ സമയ തൊഴിലെടുക്കുന്ന ചെറുപ്പക്കാർക്ക് പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പിക്കാൻ സാധിക്കുന്ന പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും മന്ത്രി പറഞ്ഞു.