അച്ഛന്റെ വെട്ടിമാറ്റിയ തലയുമായി യുവാവ് വണ്ടിയോടിച്ചത് 21 കിലോമീറ്റർ
നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി നിരന്തരം സമ്മർദ്ദം ചെലുത്തിയ പിതാവിനെ മകൻ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ലക്‌നൗവിലെ ബിസിനസുകാരനായ മൻവേന്ദ്ര സിങിനെയാണ് 21 വയസുകാരനായ മകൻ അക്ഷത് കൊലപ്പെടുത്തിയത്. മൻവേന്ദ്ര സിങിൻ്റെ വെട്ടിമാറ്റിയ തല കാറിൽ കയറ്റി വീട്ടിൽ നിന്ന് ഏകദേശം 21 കിലോമീറ്റർ അകലെയാണ് ഉപേക്ഷിച്ചത്. സംശയം തോന്നാതിരിക്കാൻ മൃതദേഹത്തിലെ കൈകളും കാലുകളും വ്യത്യസ്ത സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തെളിവുകൾ ഇല്ലാതാക്കാൻ കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കുഴിയെടുത്തു കുഴിച്ചിട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. ചില മൃതദേഹ ഭാഗങ്ങൾ വീട്ടിനകത്ത് ഒരു ഡ്രമ്മിൽ സൂക്ഷിക്കുകയും ചെയ്തു.
ഫെബ്രുവരി 20 ന് നീറ്റ് പരീക്ഷയ്ക്ക് പഠിക്കാനായി മൻവേന്ദ്ര മകനോട് ആവശ്യപ്പെട്ടു. ഇതിൻ്റെ പേരിൽ നടന്ന തർക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് മകൻ പിതാവിൻ്റെ തലയിൽ വെടിവെയ്ക്കുകയായിരുന്നു. പിതാവ് തൽക്ഷണം മരിച്ചു. അക്ഷതിന്‍റെ സഹോദരി കൊലപാതകത്തിന് സാക്ഷിയാണ്.
വെടിയൊച്ച കേട്ട് അക്ഷതിൻ്റെ സഹോദരി കൃതി മുറിയിൽ നിന്ന് പുറത്തേക്ക് ഓടിയെന്നും കൊലപാതക വിവരങ്ങൾ പുറത്ത് പറയരുതെന്നും പറഞ്ഞാൽ കൊന്നുകളയുമെന്ന് അക്ഷത് ഭീഷണിപ്പെടുത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൊലയ്ക്ക് ശേഷം മൃതദേഹം ഒരു ഡ്രമ്മിനുള്ളിൽ വെയ്ക്കാൻ അക്ഷത് ശ്രമിച്ചിരുന്നു. എന്നാൽ ശരീരം ഡ്രമ്മിനുള്ളിൽ കൊളളാതെ വന്നപ്പോൾ കൈകളും കാലുകളും ഒരു വാൾ ഉപയോഗിച്ച് മുറിച്ചുമാറ്റിയെന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

