കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്
2026ലെ സാഹിത്യ നൊബേലിന് കനേഡിയന്‍ എഴുത്തുകാരിയും പരിഭാഷകയും കവയിത്രിയുമായ ആന്‍ കാഴ്‌സന്‍ അര്‍ഹയായി. സ്‌റ്റോക്ക്‌ഹോമിലെ സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. 1.2 കോടി സ്വീഡിഷ് ക്രോണ…

2026ലെ സാഹിത്യ നൊബേലിന് കനേഡിയന്‍ എഴുത്തുകാരിയും പരിഭാഷകയും കവയിത്രിയുമായ ആന്‍ കാഴ്‌സന്‍ അര്‍ഹയായി. സ്‌റ്റോക്ക്‌ഹോമിലെ സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. 1.2 കോടി സ്വീഡിഷ് ക്രോണറാണ് പുരസ്‌കാരത്തുക.
കവിത, പ്രബന്ധങ്ങള്‍, പരിഭാഷകള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള തനത് എഴുത്തുരീതിയിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് എഴുപത്തിയൊന്നുകാരിയായ ആന്‍ കാഴ്‌സൻ. ഗ്രീക്ക് ക്ലാസിക്കല്‍ പഠനത്തില്‍ വിദഗ്ധയായ ഇവര്‍ പ്രാചീന കൃതികളെ ആധുനിക പശ്ചാത്തലത്തിലേക്ക് പുനരാവിഷ്‌കരിക്കുന്നതില്‍ പ്രശസ്തയാണ്. 30 വർഷത്തിലേറെയായി ക്ലാസിക് സാഹിത്യ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരികയാണ്.
ക്ലാസിക്കൽ പാരമ്പര്യവുമായുള്ള സർഗ്ഗാത്മക സംവാദങ്ങളിലൂടെ ആധുനിക സാഹിത്യത്തിന് പുതിയ രൂപങ്ങൾ നൽകിയ, ധീരവും നൂതനവുമായ കൃതികളെ മുൻനിർത്തിയാണ് ആന്‍ കാഴ്‌സന് പുരസ്കാരമെന്ന് നൊബേൽ കമ്മിറ്റി വ്യക്തമാക്കി.




