ആൻഡി ബേൺഹാം ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി
ലേബർ പാർട്ടിയുടെ നേതൃസ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആൻഡി ബേൺഹാം ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ വൻ ഭൂരിപക്ഷ വിജയത്തിലേക്ക് നയിച്ച…

ലേബർ പാർട്ടിയുടെ നേതൃസ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആൻഡി ബേൺഹാം ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ വൻ ഭൂരിപക്ഷ വിജയത്തിലേക്ക് നയിച്ച കെയർ സ്റ്റാർമറുടെ രാജിയെ തുടർന്നാണ് ബേൺഹാമിനെ ലേബർ പാർട്ടി പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. വെള്ളിയാഴ്ചയാണ് ബേൺഹാമിനെ ലേബർ പാർട്ടിയുടെ നേതാവായി എതിരില്ലാതെ തെരഞ്ഞെടുത്തത്. തിങ്കളാഴ്ച ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തിയാണ് ബേൺഹാം സർക്കാർ രൂപീകരിക്കാനുള്ള ക്ഷണം ഔദ്യോഗികമായി സ്വീകരിച്ചത്. പിന്നാലെ 10 ഡൗണിങ് സ്ട്രീറ്റിന് മുന്നിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ രാജ്യത്തിന് പുതിയ രാഷ്ട്രീയ-സാമ്പത്തിക മാതൃക അവതരിപ്പിക്കുമെന്ന് ബേൺഹാം പ്രഖ്യാപിച്ചു.
ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മേയറായിരുന്ന ബേൺഹാം കഴിഞ്ഞ ഒരു ദശകത്തിനിടെ അധികാരമേൽക്കുന്ന ബ്രിട്ടൻ്റെ ഏഴാമത്തെ പ്രധാനമന്ത്രിയാണ്. 'നേതാക്കൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തോട് മടുത്ത ജനങ്ങൾക്ക് സ്ഥിരതയും പ്രതീക്ഷയും നൽകുന്ന പുതിയ സാമ്പത്തിക മാതൃകയാണ് ഞങ്ങൾ മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്ന നിർണായക ഘട്ടമാണ് ഈ നിമിഷം. പുതിയ രാഷ്ട്രീയ മാതൃകയും പുതിയ സാമ്പത്തിക മാതൃകയും ബ്രിട്ടനിൽ നടപ്പാക്കും എന്നും ആദ്യ പ്രസംഗത്തിൽ' ബേൺഹാം വ്യക്തമാക്കി.




