കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് ജോര്‍ജ് കുര്യന്‍; രാജി സ്വീകരിച്ച് രാഷ്ട്രപതി

കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ മന്ത്രിസ്ഥാനം രാജിവെച്ചു. രാജ്യസഭാംഗത്വത്തിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. ജോർജ് കുര്യന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു സ്വീകരിച്ചു.
മൂന്നാം മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി സാന്നിധ്യമായിരുന്ന ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്നാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. 2024 ജൂൺ 9-നായിരുന്നു അദ്ദേഹം കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റത്. മന്ത്രിസ്ഥാനമൊഴിഞ്ഞ അദ്ദേഹം ഇനി സജീവ സംഘടനാ പ്രവർത്തനങ്ങളിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുള്ള തന്റെ താല്പര്യം അദ്ദേഹം ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ, ദേശീയ നിർവ്വാഹക സമിതി അംഗം, കോർ കമ്മിറ്റിയംഗം, പാർട്ടി വക്താവ് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള ജോർജ് കുര്യൻ, മുൻപ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ കേന്ദ്ര റെയിൽവേ സഹമന്ത്രി ഒ. രാജഗോപാലിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) ആയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.




