കുവൈത്തിലേക്ക് ഡ്രോണ്‍-മിസൈല്‍ ആക്രമണം; ബഹ്‌റൈനില്‍ അപായ സൈറണ്
ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ, ഗൾഫ് രാജ്യങ്ങളായ കുവൈറ്റിലും ബഹ്റൈനിലും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട്. ആക്രമണ വാർത്തക…

ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ, ഗൾഫ് രാജ്യങ്ങളായ കുവൈറ്റിലും ബഹ്റൈനിലും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട്. ആക്രമണ വാർത്തകൾ പുറത്തുവന്നതോടെ കുവൈറ്റ് ഭരണകൂടം ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ അപായ സൈറണുകൾ മുഴങ്ങിയതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കകമാണ് അയൽ രാജ്യങ്ങളിലേക്ക് മിസൈൽ പാഞ്ഞെത്തിയത്. ഒന്നര മണിക്കൂറോളം നീണ്ട കടുത്ത അശാന്തിക്കൊടുവിൽ നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് സൂചന.
ഹോർമുസ് കടലിടുക്കിൽ ഇറാൻ മൂന്ന് അന്താരാഷ്ട്ര കപ്പലുകൾ ആക്രമിച്ചതിന് മറുപടിയായാണ് തെക്കൻ ഇറാൻ കേന്ദ്രീകരിച്ച് അമേരിക്കൻ സൈന്യം കഴിഞ്ഞദിവസം മിന്നലാക്രമണം നടത്തിയത്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, മിസൈൽ താവളങ്ങൾ, റഡാർ സൈറ്റുകൾ, കമാൻഡ് ശൃംഖലകൾ എന്നിവയുൾപ്പെടെ 80-ലധികം ലക്ഷ്യങ്ങളിലേക്ക് കൃത്യതയാർന്ന ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് (US CENTCOM) സ്ഥിരീകരിച്ചു. കൂടാതെ ഹോർമുസിൽ നിലയുറപ്പിച്ചിരുന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്റെ (IRGC) അറുപതിലധികം ചെറു യുദ്ധബോട്ടുകൾ തകർത്തതായും യുഎസ് അവകാശപ്പെട്ടു.
ഇറാന്റെ ആക്രമണത്തിന് ഇരയായ കപ്പലുകളുടെ വിവരങ്ങളും അമേരിക്ക പുറത്തുവിട്ടിട്ടുണ്ട്. മാർഷൽ ദ്വീപുകളുടെ പതാകയുള്ള എം ടി അൽ റെഖായത്ത്, സൗദി അറേബ്യയുടെ എം ടി വെദ്യാൻ, ലൈബീരിയൻ പതാകയുള്ള എം ടി സൈപ്രസ് പ്രോസ്പെരിറ്റി എന്നീ ചരക്കുകപ്പലുകൾക്ക് നേരെയായിരുന്നു ഇറാന്റെ ആക്രമണം. ഇതിന് പകരമായി അമേരിക്ക നടത്തിയ പ്രത്യാക്രമണവും, തുടർന്ന് ഗൾഫ് മേഖലയിലാകെ പടരുന്ന ഡ്രോൺ-മിസൈൽ ഭീഷണിയും പശ്ചിമേഷ്യയെ വീണ്ടും വൻ യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്.




