ധാരണ ലംഘിച്ച് കോറോ ഹെൽത്ത്; കൊച്ചിയിലും കോഴിക്കോടും ജീവനക്കാരെ ഓഫീസിന് പുറത്തു നിർത്തി
കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ നടത്തിയ ലേബർ കമ്മീഷണറുടെ ചർച്ചയിലെ ധാരണ പൂർണ്ണമായി ലംഘിച്ച് അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്ത്. വെള്ളിയാഴ്ച തൊഴിൽമന്ത്രി നേരിട്ട് ചർച്ച നടത്തുന്നത് വരെ നിലവിലെ സ്ഥിതി (സ്…

കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ നടത്തിയ ലേബർ കമ്മീഷണറുടെ ചർച്ചയിലെ ധാരണ പൂർണ്ണമായി ലംഘിച്ച് അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്ത്. വെള്ളിയാഴ്ച തൊഴിൽമന്ത്രി നേരിട്ട് ചർച്ച നടത്തുന്നത് വരെ നിലവിലെ സ്ഥിതി (സ്റ്റാറ്റസ് കോ) തുടരാനും ജീവനക്കാരെ ജോലി ചെയ്യാൻ അനുവദിക്കാനും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാൽ ഈ ഉറപ്പ് ലംഘിച്ച് കൊച്ചിയിലെയും കോഴിക്കോട്ടെയും ഓഫീസുകളിൽ ഇന്ന് രാവിലെ എത്തിയ ജീവനക്കാരെ അകത്തേക്ക് കടത്തിവിട്ടില്ല. ഓഫീസുകൾ പൂട്ടിക്കിടക്കുന്ന പശ്ചാത്തലത്തിൽ ജീവനക്കാർ കടുത്ത ആശങ്കയോടെ പുറത്ത് കാത്തുനിൽക്കുകയാണ്.
ഉമാ തോമസ് എംഎൽഎയും വിവിധ ട്രേഡ് യൂണിയൻ നേതാക്കളും നിലവിൽ കൊച്ചി ഓഫീസിന് മുന്നിലെത്തി പ്രതിഷേധിക്കുന്ന ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി ഓഫീസിൽ നിലവിൽ സുരക്ഷാ ജീവനക്കാർ മാത്രമാണുള്ളത്. സുരക്ഷാ കാരണങ്ങളാൽ ആരെയും അകത്തേക്ക് പ്രവേശിപ്പിക്കരുതെന്നാണ് മാനേജ്മെന്റ് തങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശമെന്ന് സെക്യൂരിറ്റി ജീവനക്കാർ വ്യക്തമാക്കുന്നു. കൊച്ചി ഓഫീസിൽ മാത്രം അറുന്നൂറോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഫേസ്ആപ്പ് വഴിയുള്ള ബയോമെട്രിക് സംവിധാനം തടസ്സപ്പെട്ടതോടെ, തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജീവനക്കാരുടെ ഹാജർ നേരിട്ട് രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ പങ്കെടുത്ത കമ്പനിയുടെ ലീഗൽ അഡ്വൈസർ വഴി സ്ഥാപനം തുറന്നുനൽകാൻ എംഎൽഎയും ലേബർ കമ്മീഷണറും ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്പനി അധികൃതർ ഇതിനോട് പ്രതികരിച്ചിട്ടില്ല. കമ്പനി മാനേജ്‌മെന്റ് പ്രതിനിധികളെ ഫോണിൽ ബന്ധപ്പെടാൻ തൊഴിൽവകുപ്പ് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വരും മണിക്കൂറുകളിൽ ലേബർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.




