മലയാളികൾക്ക് ഓണസമ്മാനം: കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി
ഓണക്കാലത്തെ കനത്ത യാത്രാത്തിരക്ക് പരിഹരിക്കുന്നതിനായി കേരളത്തിലേക്ക് നൂറിലധികം പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഐടി നഗരങ്ങളായ ബെംഗളൂരു, ചെന്നൈ, ഹൈദ…

ഓണക്കാലത്തെ കനത്ത യാത്രാത്തിരക്ക് പരിഹരിക്കുന്നതിനായി കേരളത്തിലേക്ക് നൂറിലധികം പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഐടി നഗരങ്ങളായ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കേരളത്തിലെ വിവിധ സ്റ്റേഷനുകളിലേക്കാകും പ്രധാനമായും സ്പെഷ്യൽ സർവീസുകൾ ഉണ്ടാകുക. പ്രത്യേക ട്രെയിനുകളുടെ കൃത്യമായ സമയക്രമം, റൂട്ടുകൾ, സ്റ്റോപ്പുകൾ എന്നിവയടങ്ങിയ വിശദമായ അറിയിപ്പ് ഉടൻ പുറത്തുവിടുമെന്ന് മന്ത്രി വ്യക്തമാക്കി.
കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് വരാനൊരുങ്ങുന്ന പ്രവാസി മലയാളികൾക്ക് വലിയ ആശ്വാസമേകുന്നതാണ് ഈ പ്രഖ്യാപനം. ഓണത്തിന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളും നേതാക്കളും റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദക്ഷിണ റെയിൽവേ (Southern Railway) നൂറിലധികം പ്രത്യേക സർവീസുകൾ നടത്താൻ ഔദ്യോഗികമായി തീരുമാനിച്ചത്.
മുൻ വർഷങ്ങളിലും ഓണക്കാലത്ത് റെയിൽവേ പ്രത്യേക സർവീസുകൾ അനുവദിക്കാറുണ്ടായിരുന്നെങ്കിലും, പലപ്പോഴും അവസാന നിമിഷം മാത്രം ട്രെയിനുകൾ പ്രഖ്യാപിക്കുന്നത് ടിക്കറ്റ് ബുക്കിംഗിനെ ബാധിക്കുകയും യാത്രക്കാരെ കടുത്ത ദുരിതത്തിലാഴ്ത്തുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ ഏറെ മുൻകൂട്ടി തന്നെ സർവീസുകൾ പ്രഖ്യാപിച്ചതിനാൽ സാധാരണക്കാർക്ക് കൃത്യമായി യാത്രാ പ്ലാൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.




