'ED പരിശോധന കൊണ്ട് ചിലര്‍ക്ക് വലിയ മനസംതൃപ്തിയുണ്ടാകും, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്ക്': പിണറായി വിജയന്
സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസിൽ തന്റെ വീടുകളിൽ ഉൾപ്പെടെ നടന്ന ഇ ഡി റെയ്ഡിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇതുകൊണ്ടൊന്നും തങ്ങളെ തളർത്തിക്കളയാണെന്ന് ആരും കരുതേണ്ടെന്ന്…

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസിൽ തന്റെ വീടുകളിൽ ഉൾപ്പെടെ നടന്ന ഇ ഡി റെയ്ഡിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇതുകൊണ്ടൊന്നും തങ്ങളെ തളർത്തിക്കളയാണെന്ന് ആരും കരുതേണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. കാലങ്ങളായി വീട്ടിൽ കയറിയുളള പരിശോധന ഇ ഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ടെന്നും ഈ പരിശോധന രാഹുൽ ഗാന്ധിക്ക് വലിയ മനസംതൃപ്തി നൽകുമെന്നും പിണറായി വിജയൻ പറഞ്ഞു. തങ്ങളുടെ പാർട്ടിക്കാർ അല്ലാത്ത മറ്റുളള പാർട്ടിക്കാർക്കെതിരെ ഇ ഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുളളതെന്നും ഇതുകൊണ്ടൊന്നും തങ്ങൾ അവസാനിക്കാൻ പോകുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ഇ ഡി പരിശോധനയ്ക്ക് ശേഷം വീടിന് പുറത്തെത്തി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
'എല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഇന്ന് കാലത്ത് ഏഴുമണിക്കാണ് ഈ വാതില്‍ക്കല്‍ ഇ ഡി ടീം എത്തുന്നത്. ഈ സമയം വരെ അവര് പരിശോധനയിലായിരുന്നു. വന്ന ടീം നിര്‍ദേശം അനുസരിച്ച് വരുന്നതാണല്ലോ. ഉദ്യോഗസ്ഥരാകുമ്പോള്‍ മേലെ ഉളളവര് പറയുന്നത് അനുസരിക്കാന്‍ അവര് ബാധ്യസ്ഥരാണ്. വീട്ടില്‍ കയറിയുളള പരിശോധന ഇ ഡി ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഈ പരിശോധന ചിലര്‍ക്കെല്ലാം വലിയ മനസംതൃപ്തി നല്‍കുമെന്നാണ് തോന്നുന്നത്. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്ക്. കാരണം എന്തുകൊണ്ട് പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്യുന്നില്ല, എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ച ചോദ്യം. രാജ്യത്തെ പ്രതിപക്ഷത്തെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെയുളള കരുതിക്കൂട്ടിയുളള ആക്രമണ നടപടികളാണ് ബിജെപി എല്ലാ കാലത്തും തുടര്‍ന്ന് വരുന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്.




