
‘കല്ലിട്ടത് കൊണ്ട് മാത്രം ആയില്ല; ക്രെഡിറ്റ് നാടിനാകെയുള്ളത്'; പ്രതിപക്ഷ നേതാവിനെ സ്വാഗതം ചെയ്യുന്നു’; മുഖ്യമന്ത്രി
വിഴിഞ്ഞം തുറമുഖം പുതിയ യുഗത്തിൻ്റെ പ്രാരംഭം കുറിക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിൻ്റെ ദീർഘ വീക്ഷണത്തിൻ്റെയും ഇച്ഛാശക്തിയുടെയും നിശ്ചയദാർഢ്യത്തിൻ്റെയും പ്രതീകമാണ് വിഴിഞ്ഞം പദ്ധതി. എൽഡിഎഫ് സർക്കാരിൻ്റ നിശ്ചയ ദാർഢ്യത്തിലാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുന്നത്. തങ്ങൾ ചെയ്തതിൻ്റെ ചാരിതാർഥ്യം ഉണ്ട്. കല്ലിട്ടത് കൊണ്ട് മാത്രം ആയില്ല, കപ്പലോടുന്ന സ്ഥിതിയിലേക്ക് എത്തിയല്ലോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയുടെ കാര്യത്തിൽ കഴിഞ്ഞ 9 കൊല്ലം നിർണായകമായിരുന്നു. അതിൽ ഈ സർക്കാരും മുൻ സർക്കാരും എന്തല്ലാം ചെയ്തു എന്ന് വ്യക്തമാണ്. ക്രെഡിറ്റ് ജനങ്ങൾ അർഹിക്കുന്നവർക്ക് നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം കമ്മിഷനിങിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. പ്രതിപക്ഷ നേതാവിനെ പരിപാടിയിലേക്ക് വിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസാണ് പരിപാടിയുടെ ഫൈനൽ പട്ടിക തീരുമാനിക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
വിഴിഞ്ഞം പദ്ധതി 2016 മുതലുളള സര്‍ക്കാരിന്റെയോ അതിനു മുന്‍പ് 2011-മുതല്‍ 2016 വരെയുളള സര്‍ക്കാരിന്റെയോ കണ്ടെത്തലല്ലെന്നും അത് പതിറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ തുടരുന്ന പ്രക്രിയയുടെ സാക്ഷാത്കരണമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. പദ്ധതിക്ക് ഉചിതമായ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തത് ക്രെഡിറ്റിനുവേണ്ടിയല്ലെന്നും അത് നാട് മുന്നോട്ടുപോകുന്നതിനായാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് ഒരു സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള തുറമുഖമാണ് വിഴിഞ്ഞം. ട്രയൽറൺ കാലത്ത് തന്നെ 272 കപ്പലുകൾ എത്തി. 5.5 ലക്ഷം കണ്ടെയ്നർ 3 മാസക്കാലത്ത് കൈകാര്യം ചെയ്തുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോകത്തിൻ്റെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ജേഡ് സർവീസിൽ വിഴിഞ്ഞം ഉൾപ്പെട്ടു. ട്രയൽ റൺ കാലത്ത് തന്നെ ഈ നേട്ടം കൈവരിക്കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞത്തെത്തി നിർമാണ പുരോഗതിയും കമ്മിഷനിങ്ങിനുള്ള തയാറെടുപ്പു നേരിട്ട് വിലയിരുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയിൽ 60 ശതമാനം നിക്ഷേപം നടത്തുന്ന സർക്കാരിന് അധികാരമോ ലാഭവിഹിതമോ ഇല്ലാത്ത കരാറാണ് നേരത്തെ ഉണ്ടാക്കിയത്. എന്നാൽ എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയ സപ്ലിമെൻ്ററി കൺസഷൻ കരാറിന്റെ പ്രസക്തിയും മുഖ്യമന്ത്രി പറഞ്ഞു. ഈ കരാർ പ്രകാരം 2034 മുതൽ സർക്കാരിന് വരുമാനം ലഭിച്ചു തുടങ്ങും. മുൻകരാറിൽ 15 കൊല്ലം കഴിഞ്ഞാണ് വരുമാനം ലഭിക്കാൻ വ്യവസ്ഥ ഉണ്ടായിരുന്നത്.
2045ൽ തീർക്കാൻ നിശ്ചയിച്ച തുറമുഖം 2028ൽ തന്നെ പൂർത്തിയാക്കാൻ സപ്ലിമെൻ്ററി കരാറിലൂടെ കഴിഞ്ഞു. തുറമുഖം പൂർണ തോതിൽ എത്തുന്നതോടെ സംസ്ഥാനത്ത് വ്യവസായ വാണിജ്യ വളർച്ച ഉണ്ടാകും. സാമ്പത്തിക വളർച്ചക്ക് ഇത് സഹായമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിൽ 758 പേർക്ക് തൊഴിൽ ലഭിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.