എസ്എംഎ മരുന്ന് വിവാദം; നാറ്റ്‌കോ ഫാർമ പ്രതിനിധികൾ ആരോഗ്യമന്ത്രിയെ സന്ദർശിച്ച ദൃശ്യങ്ങൾ പുറത്ത്
എസ്‌എംഎ (സ്പൈനൽ മസ്‌കുലാർ അട്രോഫി) മരുന്ന് വിവാദം തുടരുന്നതിനിടെ നാറ്റ്‌കോ ഫാർമ പ്രതിനിധികൾ ആരോഗ്യമന്ത്രി കെ മുരളീധരനെ സന്ദർശിച്ച ദൃശ്യങ്ങൾ പുറത്ത്. ഓഗസ്റ്റ് അഞ്ചിന് എസ്‌എടി ആശുപത്രി സൂപ്രണ്ടിനൊപ്പമാണ…

എസ്എംഎ (സ്പൈനൽ മസ്‌കുലാർ അട്രോഫി) മരുന്ന് വിവാദം തുടരുന്നതിനിടെ നാറ്റ്‌കോ ഫാർമ പ്രതിനിധികൾ ആരോഗ്യമന്ത്രി കെ മുരളീധരനെ സന്ദർശിച്ച ദൃശ്യങ്ങൾ പുറത്ത്. ഓഗസ്റ്റ് അഞ്ചിന് എസ്‌എടി ആശുപത്രി സൂപ്രണ്ടിനൊപ്പമാണ് കമ്പനി പ്രതിനിധികൾ മന്ത്രിയെ കണ്ടത്. ചിത്രങ്ങൾ പ്രചരിച്ചതോടെ വിഷയത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി രംഗത്തെത്തി.
കമ്പനിയുടെ ജനറിക് മരുന്ന് എസ്എംഎ രോഗികള്‍ക്ക് നല്‍കാനുള്ള ഫയല്‍ നീക്കം നടക്കുന്നതിനിടെയാണോ കൂടിക്കാഴ്ചയെന്ന് വ്യക്തമല്ല. കമ്പനി പ്രതിനിധികള്‍ക്കൊപ്പം എസ്എടി ഡയറക്ടര്‍ ഡോ ഐ റിയാസും ചീഫ് ഫാര്‍മസിസ്റ്റ് എ ബിജുവും ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്നായിരുന്നു മന്ത്രി കെ മുരളീധരന്റെ വാദം.
ദൃശ്യങ്ങള്‍ തെളിവായി നില്‍ക്കെ നാറ്റ്‌കോ പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് എസ്എടി സൂപ്രണ്ടും പറഞ്ഞു. മന്ത്രിയും നാറ്റ്‌കോ പ്രതിനിധികളും നടത്തിയ കൂടിക്കാഴ്ചയില്‍ സൂപ്രണ്ടുമുണ്ടായിരുന്നു എന്നിരിക്കെയാണ് കൂടിക്കാഴ്ച നടന്നെന്ന വിവരം നിഷേധിച്ചത്. എന്നാല്‍ ഡോ മിനിക്ക് മാത്രമേ മരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് അറിയൂ എന്നായിരുന്നു ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇറങ്ങിയ സര്‍ക്കുലറാണെന്ന മന്ത്രിയുടെ വാദവും ഇതിനോടകം പൊളിഞ്ഞിരുന്നു.
മരുന്ന് എങ്ങനെ എത്തി എന്നതിലാണ് ചോദ്യങ്ങള്‍ ഉയരുന്നത്. നാറ്റ്‌കോ കമ്പനിയുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്ന് വന്ന ഘട്ടത്തില്‍ തന്നെ എല്ലാ മരുന്നുകളെ കുറിച്ചും മന്ത്രിക്ക് അറിയണമെന്നില്ലെന്നായിരുന്നു കെ മുരളീധരന്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രസ്തുത മരുന്നിനെ കുറിച്ച് മന്ത്രിക്ക് അറിയാമായിരുന്നു എന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എന്തിനാണ് നാറ്റ്‌കോ കമ്പനിയുമായി നടത്തിയ കൂടിക്കാഴ്ച മന്ത്രി മറച്ച് വെക്കുന്നതെന്നതാണ് പ്രധാന ചോദ്യം. നാറ്റ്‌കോയുടെ മരുന്ന് വാങ്ങാന്‍ തീരുമാനിച്ച ശേഷം നടത്തിയ കൂടിക്കാഴ്ചയാണോ അതോ ഫയല്‍ നീങ്ങുന്ന സമയത്തുള്ള കൂടിക്കാഴ്ചയാണോ ഇതെന്നതില്‍ വ്യക്തതയില്ല.
എസ്എടി വഴിയാണ് കേരളത്തില്‍ മരുന്ന് എസ്എംഎ രോഗികള്‍ക്ക് വിതരണം ചെയ്യുന്നത്. തിരുവനന്തപുരം എസ്എടിയും കോഴിക്കോട് മെഡിക്കല്‍ കോളേജുമാണ് ഇത് നിര്‍വഹിക്കുന്നത്. തിരുവനന്തപുരം എസ്എടി സൂപ്രണ്ടും അവിടുത്തെ ചീഫ് ഫാര്‍മസിസ്റ്റുമാണ് കമ്പനി പ്രതിനിധികളോടൊപ്പം മന്ത്രിയെ കണ്ടിരിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനം. എന്നാല്‍ എസ്എടി സൂപ്രണ്ടും കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരം മറച്ച് വെക്കുന്നതാണ് ദുരൂഹമായി തുടരുന്നത്. മന്ത്രിയും മരുന്ന് കമ്പനി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ ചീഫ് ഫാര്‍മസിസ്റ്റ് എന്തിന് പങ്കെടുക്കണം എന്ന ചോദ്യവും ഉയരുന്നുണ്ട്.




