പ്രിയദര്‍ശിനി പദ്ധതിയില്‍ ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടം: മന്ത്രി സി പി ജോണ്
സംസ്ഥാനത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന 'പ്രിയദർശിനി' പദ്ധതി വഴി പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ. വാർത്താസമ്മേള…

സംസ്ഥാനത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന 'പ്രിയദർശിനി' പദ്ധതി വഴി പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ. വാർത്താസമ്മേളനത്തിലാണ് മന്ത്രി കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കിയത്. അതേസമയം, ഒരു കിലോമീറ്ററിന് സർക്കാർ 55 രൂപ വീതം സബ്‌സിഡി നൽകിയാൽ സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ തയ്യാറാണെന്ന് ബസ് ഉടമകൾ അറിയിച്ചിട്ടുണ്ടെന്നും, ഈ നിർദ്ദേശം സർക്കാർ വിശദമായി പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെഎസ്ആർടിസിയുടെ നിലനിൽപ്പിനായി ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാതെ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നിലവിൽ സാധാരണ (ഓർഡിനറി) ബസുകളുടെ എണ്ണം കൂട്ടാൻ മന്ത്രാലയം ഉദ്ദേശിക്കുന്നില്ലെന്നും ഇപ്പോഴത്തെ രീതിയിൽ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന 'നവകേരള ബസ്' ഇപ്പോൾ എവിടെയാണെന്ന് തനിക്ക് അറിയില്ലെന്നും, ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.




