മൈക്രോസോഫ്റ്റിൽ ‘കോഡ് റെഡ്’; ആഗോള തകരാറിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി കമ്പനി
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കിയ ‘മൈക്രോസോഫ്റ്റ് 365’ സേവനങ്ങളുടെ ആഗോള തകരാറിന് പിന്നാലെ അടിയന്തര നടപടികളുമായി മൈക്രോസോഫ്റ്റ്. സേവനങ്ങളിലെ തകരാറുകൾ മുൻകൂട്ടി കണ്ടെത്…

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കിയ ‘മൈക്രോസോഫ്റ്റ് 365’ സേവനങ്ങളുടെ ആഗോള തകരാറിന് പിന്നാലെ അടിയന്തര നടപടികളുമായി മൈക്രോസോഫ്റ്റ്. സേവനങ്ങളിലെ തകരാറുകൾ മുൻകൂട്ടി കണ്ടെത്തുന്നതിനും പ്രതിസന്ധികൾ വേഗത്തിൽ പരിഹരിക്കുന്നതിനുമായി കമ്പനി ‘കോഡ് റെഡ്’ പ്രഖ്യാപിച്ചു. എൻജിനീയറിങ് സംവിധാനങ്ങളിലും പ്രവർത്തനരീതികളിലും അടിമുടി മാറ്റം വരുത്താനാണ് നീക്കം.
നവംബർ 12 മുതൽ 13 വരെ ഏകദേശം 24 മണിക്കൂറാണ് മൈക്രോസോഫ്റ്റിന്റെ വിവിധ സേവനങ്ങൾ തടസ്സപ്പെട്ടത്. സോഫ്റ്റ്‌വെയറിലെ തുടർച്ചയായ പിഴവുകളാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട്. ഔട്ട്‌ലുക്ക്, ക്ലൗഡ് അധിഷ്ഠിത ഇമെയിൽ സേവനമായ എക്സ്ചേഞ്ച് ഓൺലൈൻ, മൈക്രോസോഫ്റ്റ് ടീമ്സ്, കോപൈലറ്റ് എഐ അസിസ്റ്റന്റ് തുടങ്ങിയ മൈക്രോസോഫ്റ്റ് 365 സേവനങ്ങളെയെല്ലാം തകരാർ ബാധിച്ചു. മൈക്രോസോഫ്റ്റിന്റെ ഏറ്റവും ഉയർന്ന തലത്തിലുള്ള അടിയന്തര മുന്നറിയിപ്പുകളിലൊന്നാണ് ‘കോഡ് റെഡ്’. എൻജിനീയറിങ്, പ്രവർത്തന സംവിധാനങ്ങളിലെ ദൗർബല്യങ്ങൾ പരിഹരിക്കുന്നതിനും ഭാവിയിൽ ഇത്തരം പ്രതിസന്ധികൾ ആവർത്തിക്കാതിരിക്കാനുമാണ് നടപടി.




