
കേരളത്തിൽ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ കൊച്ചിയിലും തിരുവനന്തപുരത്തും
പ്രതിരോധ മുന്നോരുക്കം ശക്തമാക്കി നാളെ കേരളത്തിലും മോക്ക് ഡ്രിൽ നടക്കും. കൊച്ചിയിലും തിരുവനന്തപുരത്തും മോക് ഡ്രിൽ നടക്കുമെന്നാണ് റിപ്പോർട്ട്. രാജ്യത്താകമാനം 259 കേന്ദ്രങ്ങളിലാണ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചീഫ് സെക്രട്ടറിമാരുടെ യോഗം ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ വിളിച്ചു ചേർത്തിരുന്നു.
1971 ന് ശേഷം ഇതാദ്യമായാണ് സിവിൽ ഡിഫൻസ് ശക്തമാക്കാനുള്ള നടപടി രാജ്യത്തുണ്ടാകുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം സംഘർഷാന്തരീക്ഷം രൂപപ്പെട്ടതിനാലാണ് അടിയന്തമായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്. യുദ്ധസമാന സാഹചര്യങ്ങളിൽ സ്വയം സുരക്ഷ ഉറപ്പാക്കുകയാണ് മോക് ഡ്രില്ലിന്റെ പ്രധാനലക്ഷ്യം.
ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് പ്രതിരോധ സാങ്കേതിക വിദ്യകളിൽ അടിസ്ഥാന പരിശീലനവും ലഭ്യമാക്കും. എയർ റെയ്ഡ് സൈറൺ പ്രവർത്തിപ്പിക്കാനുള്ള പരീശീലനം, വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഇരുട്ടിലാക്കുന്നത് തടയാനുള്ള പരിശീലനം. അതുപോലെ തന്ത്രപ്രധാന മേഖലകൾ ശത്രുവിന്റെ കണ്ണിൽപ്പെടാതെ മറച്ച് പിടിക്കാനുള്ള അഭ്യാസം, അടിയന്തര ഘട്ടങ്ങളിൽ ഒഴിപ്പിക്കലിനുള്ള പരിശീലനം എന്നിവയാണ് പ്രധാനമായും മോക് ഡ്രില്ലിന്റെ ഭാഗമായി നടത്തുക. അതേസമയം മോക് ഡ്രില്ലിന് മുന്നോടിയായി ജമ്മു കശ്മീരിലെ ദാൽ തടാകത്തിന് സമീപത്ത് എസ്ഡിആർഎഫ് വ്യോമാക്രമണ മുന്നറിയിപ്പ് പരീക്ഷണം നടത്തി.