
ഇന്ത്യ തൊടുത്തുവിട്ട സ്‌കാല്‍പ് മിസൈലുകളും ഹാമ്മറുകളും എന്താണ് ?
25 ഇന്ത്യക്കാരും ഒരു നേപ്പാളിയും കൊല്ലപ്പെട്ട ക്രൂരമായ പഹല്‍ഗാം അക്രമണത്തെത്തിന് തിരിച്ചടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാകിസ്ഥാന്റെ ഒന്‍പതോളം ഭീകര ക്യാമ്പുകള്‍ തകര്‍ത്താണ് ഇന്ത്യന്‍ സായുധ സേന മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ആക്രമണത്തില്‍ പാകിസ്ഥാന്‍ ഭീകര താവളങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യ തൊടുത്തുവിട്ടത് സ്‌കാല്‍പ് മിസൈലുകളും ഹാമ്മര്‍ ബോംബുകളുമാണ്.
ഇന്ത്യയുടെ പക്കല്‍ ശക്തിയേറിയ നിരവധി മിസൈലുകളുണ്ട്. അക്കൂട്ടത്തില്‍ ബ്രഹ്‌മോസ് നിര്‍ഭയ് പോലുള്ള ക്രൂയിസ് മിസൈലുകളും പൃഥ്വി, അഗ്നി പോലുള്ള ബാലിസ്റ്റിക് മിസൈലുകളും ഉള്‍പ്പടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചവയും വിദേശ നിര്‍മിതമായവയുമുണ്ട്. ഇതില്‍ വിദേശനിര്‍മിതമായ സ്‌കാള്‍പ് മിസൈലാണ് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ വര്‍ഷിച്ചത്. അതിനായി ഉപയോഗിച്ചതാവട്ടെ റഫാല്‍ യുദ്ധവിമാനങ്ങളും. സ്റ്റെല്‍ത്ത് സവിശേഷതകള്‍ക്ക് പേരുകേട്ടതാണ് ഈ മിസൈല്‍. രാത്രിസമയത്തും ഏത് കാലാവസ്ഥയിലും ഇതിനെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ബ്രിട്ടീഷ് എയറോസ്‌പേസും ഫ്രഞ്ച് കമ്പനിയായ മാത്രയും ചേര്‍ന്നാണ് സ്‌കാള്‍പ് മിസൈല്‍ വികസിപ്പിച്ചത്. ബ്രിട്ടീഷുകാര്‍ ഇതിനെ സ്റ്റോം ഷാഡോ എന്നും ഫ്രാന്‍സില്‍ സ്‌കാള്‍പ്പ്-ഇജി എന്നും മിസൈലിനെ വിളിക്കുന്നു. ഫ്രഞ്ച് നിര്‍മിതമായ അപ്പാഷേ ആന്റി റണ്‍വേ ക്രൂയിസ് മിസൈലിനെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ നിര്‍മാണം. 1994 മുതല്‍ തന്നെ ഇരു കമ്പനികളും ഈ മിസൈല്‍ വികസിപ്പിക്കുന്നതിനുള്ള ജോലികള്‍ ആരംഭിച്ചിരുന്നു. 1998 ലാണ് ഫ്രാന്‍സ് 500 സ്‌കാള്‍പ്പ് മിസൈലുകള്‍ ഓര്‍ഡര്‍ ചെയ്യുന്നത്. 2000 ഡിസംബറില്‍ ഫ്രാന്‍സ് തന്നെയാണ് സ്‌കാള്‍പ്പ് മിസൈലിന്റെ ആദ്യ വിക്ഷേപണം നടത്തുന്നത്.
സ്‌കാള്‍പ്പ് മിസൈലിന് ഏകദേശം 1300 കിലോഗ്രാം ഭാരമുണ്ട്. 48 സെന്റീമീറ്റര്‍ വ്യാസമുള്ള ബോഡിയും ചിറകുകള്‍ക്ക് 304 സെന്റീമീറ്റര്‍ വലിപ്പവുമുണ്ട്. ഒരു മൈക്രോടര്‍ബോ ടിആര്‍ഐ 60-30 ടര്‍ബോജെറ്റ് എഞ്ചിന്‍ ഉപയോഗിച്ച് മാക്ക് 0.8 വേഗത്തില്‍ 250 കിലോമീറ്റര്‍ ദൂരത്തുള്ള ലക്ഷ്യം ഭേദിക്കാന്‍ ഈ മിസൈലിന് സാധിക്കും.
36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് വേണ്ടി 2016 ല്‍ ഇന്ത്യ ഫ്രാന്‍സുമായി ഒപ്പുവെച്ച കരാറില്‍ സ്‌കാള്‍പ്പ് മിസൈലുകള്‍ ഉള്‍പ്പെടുന്ന ആയുധ പാക്കേജും ഉണ്ടായിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ള ഓരോ റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്കും രണ്ട് സ്‌കാള്‍പ്പ് മിസൈലുകള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. റാഫേല്‍ യുദ്ധവിമാനങ്ങളും സുഖോയ് -24 വിമാനങ്ങളും ഉള്‍പ്പടെ വിവിധങ്ങളായ വിമാനങ്ങളില്‍ നിന്നും സ്‌കാള്‍പ്പ് വിക്ഷേപിക്കാനാവും.
ഇതൊരു ഫയര്‍ ആന്റ് ഫൊര്‍ഗെറ്റ് മിസൈലാണ്. അതായത് ഒരു ലക്ഷ്യസ്ഥാനത്തേക്ക് മിസൈല്‍ വിക്ഷേപിച്ച് കഴിഞ്ഞാല്‍ പിന്നീട് അതിനെ നിയന്ത്രിക്കാനോ അതിനെ സ്വയം നശിപ്പിക്കുവാനോ ലക്ഷ്യസ്ഥാനങ്ങള്‍ മാറ്റാനോ സാധിക്കില്ല. ജിപിഎസും ഭൂപ്രദേശത്തിന്റെ മാപ്പും അടിസ്ഥാനമാക്കിയാണ് സ്‌കാള്‍പ്പ് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുക. ലക്ഷ്യസ്ഥാനത്തോടടുക്കുമ്പോള്‍ മിസൈലിലെ ഇന്‍ഫ്രാറെഡ് ക്യാമറ പ്രവര്‍ത്തിക്കുകയും ലക്ഷ്യസ്ഥാനം കൃത്യമായി തിരിച്ചറിയുകയും അത് തകര്‍ക്കുകയും ചെയ്യും.
ഹാമ്മര്‍ ബോംബ്
ആകാശത്ത് നിന്ന് ഭൂമിയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് തൊടുക്കാവുന്ന, ഫ്രാന്‍സ് വികസിപ്പിച്ച അത്യാധുനിക ആയുധമാണ് ഹാമര്‍ ബോംബ്. Highly Agile Modular Munition Extended Range എന്നാണ് ഇതിന്റെ ഔദ്യോഗികനാമം. സഫ്രാന്‍ ഇലക്ട്രോണിക്‌സ് ആന്റ് ഡിഫന്‍സ് എന്ന കമ്പനിയാണ് ഹാമര്‍ നിര്‍മിക്കുന്നത്. ബങ്കറുകളും ബഹുനില കെട്ടിടങ്ങളും ഉള്‍പ്പടെ ശക്തിയേറിയ നിര്‍മിതികള്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഹാമര്‍ ബോംബ്. ലഷ്‌കറെ തൊയ്ബ, ജെയ്ഷ് ഇ മുഹമ്മദ് പോലുള്ള ഭീകരസംഘനടകളുടെ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഹാമര്‍ ഉപയോഗിച്ചതിനുള്ള കാരണവും അതു തന്നെ. വിക്ഷേണത്തിന് തിരഞ്ഞെടുക്കുന്ന ഉയരത്തെ അടിസ്ഥാനമാക്കി, 50 മുതല്‍-70 കിലോമീറ്റര്‍ വരെ ദൂരത്തേക്ക് ഇത് വിക്ഷേപിക്കാനാവും.
റാഫേല്‍ യുദ്ധവിമാനങ്ങളില്‍ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ വ്യോമസേന ഹാമര്‍ ഹോംബുകളും സ്വന്തമാക്കിയത്. ഇത് ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിക്കുന്നതിനും സംഭരിക്കുന്നതിനും വില്‍ക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനും ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും സഫ്രാന്‍ ഇലക്ട്രോണിക്‌സ് ഡിഫന്‍സും 2025 ല്‍ ധാരണാപത്രം ഒപ്പുവിച്ചിട്ടുണ്ട്.