
27 വിമാനത്താവളങ്ങൾ അടച്ചു; 300ലധികം വിമാനസർവീസുകൾ റദ്ദാക്കി
ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് 27 വിമാനത്താവളങ്ങൾ അടച്ചു. സുരക്ഷയെ മുൻനിർത്തിയാണ് അതിർത്തി മേഖലകളിലടക്കമുള്ള വിമാനത്താവളങ്ങൾ മെയ് 10 വരെ അടച്ചത്. ഇവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെല്ലാം റദ്ദാക്കി. ഏകദേശം 300ലധികം വിമാന സർവീസുകളാണ് വിവിധ എയർലൈനുകൾ റദ്ദാക്കിയത്.
രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ്, ജമ്മു കശ്മീർ, ചണ്ഡീഗഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളാണ് പ്രധാനമായും അടച്ചത്. ചില വിമാനത്താവളങ്ങളുടെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തിട്ടുണ്ട്. ചണ്ഡീഗഡ്, ശ്രീനഗർ, അമൃത്‍സർ, ലുധിയാന, ഭുന്താർ, കൃഷ്ണഘട്ട്, പട്യാല, ഷിംല, ധർമശാല, ഭട്ടിൻഡ, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, ഹൽവാര, പത്താൻകോട്ട്, ജമ്മു, ലേ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്തർ, കണ്ട്ല, കെഷോധ്, ഭുജ്, തോയിസ് എയർ ഫോഴ്സ് സ്റ്റേഷൻ ലഡാക്ക്, ഗ്വാളിയോർ, ഹിന്ദോൺ എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്.
രാജ്യതലസ്ഥാനമായ ഡൽഹിയിലെ വിമാനത്താവളത്തിൽ പ്രത്യേക സുരക്ഷയും ജാഗ്രത നിർദേശങ്ങളും നൽകിയിട്ടുണ്ട്. വിമാനസർവീസുകളെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾക്കായി യാത്രക്കാർ എയർലൈൻ അധികൃതരെ ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്. എയർഇന്ത്യ, ഇൻഡിഗോ, ആകാശ എയർ, സ്പൈസ്ജെറ്റ് തുടങ്ങിയ ആഭ്യന്തര എയർലൈനുകളും വിദേശ എയർലൈനുകളും സർവീസുകൾ റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തു. 165ഓളം സർവീസുകൾ റദ്ദാക്കിയെന്ന് ഇൻഡിഗോ വക്താവ് അറിയിച്ചിരുന്നു.