വിഴിഞ്ഞം തുറമുഖത്തെ മറയാക്കി 300 കോടിയുടെ തട്ടിപ്പ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെ (VISL) മറയാക്കി 300 കോടി രൂപയുടെ വൻ സാമ്പത്തിക തട്ടിപ്പ് നടത്താൻ ശ്രമം. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ (CEO) പരാതിയിൽ തിരുവനന്തപുരം തമ്പാനൂർ പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശിയായ സൽമാനുൽ ഫാരിസിനെ പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സാമ്പത്തിക ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡിന്റെ പേരിൽ വ്യാജ കരാർ രേഖകളും സംസ്ഥാന സർക്കാരിന്റെ പേരിൽ വ്യാജ ടെൻഡറുകളും ചമച്ചാണ് പ്രതി തട്ടിപ്പിന് നീക്കം നടത്തിയത്. മുൻ വിഴിഞ്ഞം സിഎംഡി ആയിരുന്ന ദിവ്യ എസ്. അയ്യരുടെ പേര് ഉൾപ്പെടെ ഈ വ്യാജ രേഖകളിൽ പരാമർശിക്കുന്നുണ്ടെന്നാണ് വിവരം.
വിഷയത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു. തട്ടിപ്പിന് പിന്നിൽ വൻ സാമ്പത്തിക തട്ടിപ്പ് സംഘങ്ങൾ തന്നെയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം. ഒളിവിൽ പോയ മലപ്പുറം സ്വദേശി സൽമാനുൽ ഫാരിസിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കേസിന് അതീവ രഹസ്യ സ്വഭാവമുള്ളതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല.




