ആരോഗ്യ വകുപ്പിന് തിരിച്ചടി; ഡോ. കെ ജെ റീനയെ DHS സ്ഥാനത്ത് നിന്നും നീക്കിയ നടപടിക്ക് സ്റ്റേ

ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്നും ഡോ. കെ. ജെ. റീനയെ മാറ്റിക്കൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. സ്ഥലം മാറ്റ നടപടിക്കെതിരെ ഡോ. കെ. ജെ. റീന നൽകിയ പരാതി പരിഗണിച്ചാണ് ട്രൈബ്യൂണലിന്റെ അടിയന്തര ഇടപെടൽ. തന്നെ സ്ഥാനത്തുനിന്ന് മാറ്റിയ ആരോഗ്യവകുപ്പിന്റെ നടപടി പൂർണ്ണമായും നീതി ലംഘനമാണെന്ന് റീന തന്റെ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ഡോ. കെ. ജെ. റീനയെ മാറ്റിയതുമായി ബന്ധപ്പെട്ട് നേരത്തെയും വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. നിപ പ്രതിരോധ പ്രവർത്തനങ്ങൾ പോലുള്ള അതീവ ഗുരുതരമായ സാഹചര്യത്തിൽ ഡയറക്ടർ 15 ദിവസം അവധിയെടുത്തു എന്ന് ആരോപിച്ചായിരുന്നു സർക്കാർ ഇവരെ സ്ഥലം മാറ്റിയത്. എന്നാൽ റീന 15 ദിവസം അവധിയെടുത്തിട്ടില്ലെന്നും കേവലം രണ്ടര ദിവസം മാത്രമാണ് അവധിയിലുണ്ടായിരുന്നതെന്നുമുള്ള കൃത്യമായ വിവരങ്ങൾ പിന്നീട് പുറത്തുവന്നു.
ഇതോടെ പ്രതിരോധത്തിലായ ആരോഗ്യവകുപ്പ് തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പിഴവ് തിരുത്തി പുതിയ ഉത്തരവ് പുറത്തിറക്കാൻ നിർബന്ധിതരായിരുന്നു. റീന 15 ദിവസം അവധിയെടുത്തു എന്ന വിവാദ പരാമർശം പൂർണ്ണമായി ഒഴിവാക്കിക്കൊണ്ടായിരുന്നു രണ്ടാമത്തെ ഉത്തരവ്. എന്നാൽ, ഈ തിരുത്തലിന് ശേഷവും സ്ഥലം മാറ്റ നടപടിയുമായി സർക്കാർ മുന്നോട്ടുപോയ പശ്ചാത്തലത്തിലാണ് ഡോ. കെ. ജെ. റീന ട്രൈബ്യൂണലിനെ സമീപിച്ചതും നിലവിൽ അനുകൂല വിധി സമ്പാദിച്ചതും. ഈ സ്റ്റേ ഉത്തരവ് സർക്കാരിനും ആരോഗ്യവകുപ്പിനും കനത്ത തിരിച്ചടിയായിരിക്കുകയാണ്.




