മയക്കുമരുന്ന് സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ രണ്ടാമത്തെ അധ്യാപികയെയും സർവീസിൽ നിന്ന് പുറത്താക്കി
ലഹരിമരുന്ന് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടാമത്തെ അധ്യാപികയെയും സർവീസിൽ നിന്നും പുറത്താക്കി. കൂരാച്ചുണ്ട് സ്വദേശിനിയും പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യൽ എഡ്യൂക്കേറ്ററുമായ കാവ്യയെയാണ്…

ലഹരിമരുന്ന് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടാമത്തെ അധ്യാപികയെയും സർവീസിൽ നിന്നും പുറത്താക്കി. കൂരാച്ചുണ്ട് സ്വദേശിനിയും പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യൽ എഡ്യൂക്കേറ്ററുമായ കാവ്യയെയാണ് സർവീസിൽ നിന്ന് പുറത്താക്കിയത്. കേസിലെ മറ്റൊരു പ്രതിയും സഹപ്രവർത്തകയുമായ മരുതോങ്കര സ്വദേശിനി കീർത്തനയെ റിമാൻഡ് ചെയ്തതിന് പിന്നാലെ കഴിഞ്ഞദിവസം സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു.
വടകര പോലീസാണ് പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ കാവ്യയെയും കീർത്തനയെയും അറസ്റ്റ് ചെയ്തത്. ആദ്യം പിടിയിലായ കീർത്തനയെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണം കാവ്യയിലേക്കും എത്തിയത്. മയക്കുമരുന്ന് ആവശ്യപ്പെടുന്നവരിൽ നിന്ന് പണം സ്വീകരിക്കുന്ന പ്രധാന കേന്ദ്രമായി പ്രവർത്തിച്ചിരുന്നത് ഇവരുടെ ബാങ്ക് അക്കൗണ്ടുകളായിരുന്നു. ആവശ്യക്കാർ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുക്കുകയും, പണം എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു വ്യക്തി വഴി മയക്കുമരുന്ന് എത്തിച്ചു നൽകുകയുമായിരുന്നു രീതി. ഇവർ നേരിട്ട് ലഹരിമരുന്ന് കൈമാറിയിരുന്നില്ല.
കാവ്യയുടെയും കീർത്തനയുടെയും അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് വ്യക്തമാകാൻ ഇരുവരെയും ഒന്നിച്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. അതിനിടെ, സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് യുവജന സംഘടനകൾ പേരാമ്പ്ര ബിആർസിയിലേക്ക് മാർച്ച് നടത്തുകയും ഉദ്യോഗസ്ഥരെ ഓഫീസിലേക്ക് കയറാൻ അനുവദിക്കാതെ തടയുകയും ചെയ്തു.




