നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് തിരിച്ചടി
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപ്പീലിൽ അന്തിമ തീരുമാനം വരുന്നതുവരെ തടവുശിക്ഷ നിർത്തിവെക…

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപ്പീലിൽ അന്തിമ തീരുമാനം വരുന്നതുവരെ തടവുശിക്ഷ നിർത്തിവെക്കണമെന്ന ആവശ്യമാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അടങ്ങിയ ബെഞ്ച് തള്ളിയത്. വിചാരണ കോടതി പ്രതിക്ക് 20 വർഷം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
നടന്നത് അതീവ ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയതാണെന്നും ആക്രമിക്കപ്പെട്ട നടി കോടതിയെ അറിയിച്ചിരുന്നു. ഈ ഘട്ടത്തിൽ ശിക്ഷ മരവിപ്പിച്ചാൽ അത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണിക്കുന്നതിന് തുല്യമാകുമെന്നും നടി വാദിച്ചു.
പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷനും കോടതിയിൽ ശക്തമായി ആവശ്യപ്പെട്ടു. പൾസർ സുനിയുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന സർക്കാരിന്റെ അപ്പീൽ നിലവിൽ കോടതിയുടെ പരിഗണനയിലുണ്ട്. ഒന്നാം പ്രതി ഒരു കൊടും കുറ്റവാളിയാണെന്നും മുൻപ് തുടർച്ചയായി ജാമ്യാപേക്ഷകൾ നൽകിയതിന് കോടതി പിഴ ചുമത്തിയിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ജാമ്യം നൽകി പുറത്തിറങ്ങി ഒരു മാസം തികയും മുൻപ് തന്നെ പ്രതി മറ്റൊരു കേസിൽ പ്രതിയായ കാര്യം വ്യക്തമാക്കിയ സർക്കാർ, ഇയാൾ ഒരു സ്ഥിരം കുറ്റവാളിയാണെന്നും കോടതിയിൽ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി പ്രതിയുടെ അപേക്ഷ തള്ളിയത്.




