വടകര MDMA പണമിടപാട് കേസ്: ഒരാൾ കൂടി കസ്റ്റഡിയിൽ
കോഴിക്കോട് വടകര ബിആർസിലെ അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. ഇരിട്ടി സ്വദേശിയായ യുവാവിനെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഒരു കോടിയോളം രൂപയുടെ ബാങ്ക് അക്കൗണ്ട് വഴി…

കോഴിക്കോട് വടകര ബിആർസിലെ അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. ഇരിട്ടി സ്വദേശിയായ യുവാവിനെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഒരു കോടിയോളം രൂപയുടെ ബാങ്ക് അക്കൗണ്ട് വഴിയുള്ള പണമിടപാടാണ് എം.ഡി.എം.എ. യുമായി ബന്ധപെട്ട് ഇയാൾ നടത്തിയത്. അറസ്റ്റിലായ അധ്യാപിക നീഷ്മയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു
കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റുചെയ്ത അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് എസ്‌ഐടി സംഘം നീഷ്മയെ ഇന്ന് അറസ്റ്റ് ചെയ്തത്. നീഷ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഹരി വിൽപ്പന നടത്തിയ പണം എത്തിയിരുന്നതായി പൊലീസ് പറയന്നു. സുഹൃത്തുക്കളായ ഇവർ മൂന്നുപേരും എംഡിഎംഎ ഉപയോഗിച്ചിരുന്നതായും വ്യക്തമായി. ഇൻസ്റ്റഗ്രാം വഴിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. 50,000 രൂപയ്ക്ക് 3000 രൂപയാണ് കമ്മിഷനെന്നാണ് ഇവർ നൽകിയ മൊഴിയെങ്കിലും ഇത് ശരിയല്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ലഹരി മാഫിയയിലെ കണ്ണികളുമായി ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
എംഡിഎംഎ ഇടപാടുകാർ കീർത്തനയുടെയും കാവ്യയുടെയും അക്കൗണ്ടിലേക്ക് അയക്കുന്ന പണം ഇവർ സ്വന്തം ആവശ്യത്തിനും ചെലവഴിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മംഗളൂരുവിലുള്ള ഒരു സുഹൃത്ത് വഴിയാണ് ഇവർ ആദ്യം എംഡിഎംഎ ഉപയോഗിച്ചത്. പിന്നീടാണ് വിൽപ്പനക്കാരെ തേടുന്നതും ഇൻസ്റ്റഗ്രാം വഴി ബന്ധം സ്ഥാപിക്കുന്നതും. രണ്ടുപേരും അധ്യാപികമാരായതിനാൽ മയക്കുമരുന്ന് മാഫിയ ഇത് പരമാവധി ഉപയോഗപ്പെടുത്തി.




