
ഏഴാം ദിവസവും പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം; തിരിച്ചടിച്ച് ഇന്ത്യ
തുടർച്ചയായ ഏഴാം ദിവസവും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ. യഥാർഥ നിയന്ത്രണ രേഖയിൽ ഒരു പ്രകോപനവുമില്ലാതൊയാണ് പാകിസ്ഥാൻ വെടിയുതിർത്തത്. കുപ്‍വാര, ഉറി, അഖിനൂർ സെക്ടറുകളിലാണ് വെടിവെപ്പുണ്ടാതെന്നും ഇതിന് ഇന്ത്യൻ സൈന്യം മറുപടി നൽകിയതായും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഏപ്രിൽ 30ന് രാത്രി കുപ്‍വാര, ഉറി, അഖിനൂർ സെക്ടറുകൾക്കടുത്തുള്ള യഥാർഥ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിയുതിർത്തെന്നും ഇതിന് ഇന്ത്യ മറുപടി നൽകിയതായും പ്രതിരോധ വകുപ്പ് പിആർഒ ലഫ്റ്റനന്റ് കേണൽ സുനീർ ബാർത്‍വാൽ പറഞ്ഞു. നിയന്ത്രണ രേഖയിലുണ്ടായ വെടിനിർത്തൽ ലംഘനത്തെ ചൊവ്വാഴ്‌ച ഇന്ത്യ താക്കീത് ചെയ്തിരുന്നു. രജൗരി ജില്ലയിലെ നൗഷേര, സുന്ദർബാനി സെക്ടറുകളിലും ജമ്മുവിലെ അഖ്‌നൂർ, പർഗ്‌വാൾ സെക്ടറുകളിലും ബാരാമുള്ള, കുപ്‌വാര ജില്ലകളിലുമാണ് ചൊവ്വാഴ്‌ച പാകിസ്ഥാൻ കരാർ ലംഘിച്ചത്.
പഹൽഗാം ആക്രമണത്തിനുശേഷം, പാകിസ്ഥാൻ അതിർത്തി കടന്നുള്ള വെടിവയ്പ്പ് പതിവായി വർദ്ധിച്ചുവരികയാണ്. ഇത് ആസൂത്രിതവും പ്രകോപനപരവുമാണെന്നാണ് വിലയിരുത്തൽ. തിങ്കളാഴ്ച രാത്രിയിൽ, കുപ്വാര, ബാരാമുള്ള ജില്ലകളിൽ നിന്നും അഖ്നൂർ സെക്ടറിൽ നിന്നും നിരവധി ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.