
പാക് അതിർത്തിയിൽ ജാമറുകൾ സ്ഥാപിച്ച് ഇന്ത്യ
രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യ അത്യാനുധിക ജാമറുകൾ സ്ഥാപിച്ചു. ഏപ്രിൽ 30 മുതൽ മെയ് 23 വരെ പാകിസ്ഥാൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി വ്യോമാതിർത്തി അടച്ചതിന് പിന്നാലെയാണ് ജാമറുകൾ സ്ഥാപിച്ചതായി വാർത്തകൾ. പാകിസ്ഥാൻ സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്ന ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിന്റെ സിഗ്നലുകളെ തടസ്സപ്പെടുത്തുന്നവയാണ് ജാമറുകൾ എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സിന്ധുനദി ജല കരാർ മരവിപ്പിച്ചതുൾപ്പെടെയുള്ള നടപടികൾ ഇന്ത്യ സ്വീകരിച്ചതോടെ പാകിസ്ഥാനും വ്യോമമേഖല അടച്ചിരുന്നു. പാകിസ്ഥാൻ എയർലൈൻസ് വിമാനങ്ങൾക്കും പാകിസ്ഥാനിലേക്ക് സർവീസ് നടത്തുന്ന കമ്പനികൾക്കും വ്യോമാതിർത്തി അടച്ചതിനാൽ വ്യോമപാത ഉപയോഗിക്കാനാകില്ല. യുദ്ധ സാഹചര്യം ഒഴിവാക്കാനായി ഇരു രാജ്യങ്ങളെയും കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ബന്ധപ്പെട്ടിരുന്നു. തുടർച്ചയായ ഏഴാം ദിവസവും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ പ്രകോപനം തുടരുകയാണ്. യഥാർഥ നിയന്ത്രണ രേഖയിൽ വിവിധ പ്രദേശങ്ങളിലാണ് പാകിസ്ഥാൻ വെടിയുതിർത്തത്. കുപ്‍വാര, ഉറി, അഖിനൂർ സെക്ടറുകളിലാണ് വെടിവെപ്പുണ്ടാതെന്നും ഇതിന് ഇന്ത്യൻ സൈന്യം മറുപടി നൽകിയതായും പിടിഐ റിപ്പോർട്ട് ചെയ്യുന്നു