
‘ഒരു തീവ്രവാദിയെയും വെറുതെ വിടില്ല’; മുന്നറിയിപ്പുമായി അമിത് ഷാ
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി അമിത് ഷാ. ഭീരുത്വപരമായ ആക്രമണം തങ്ങളുടെ വിജയമാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ ഇത് നരേന്ദ്ര മോദിയുടെ ഇന്ത്യയാണെന്ന് ഓര്‍ക്കണമെന്നും ഓരോരുത്തരോടും പ്രതികാരം ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഭീകരതയെ വേരോടെ പിഴുതെറിയാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. ഈ രാജ്യത്തിന്റെ ഓരോ ഇഞ്ചില്‍ നിന്നും ഭീകരതയെ വേരോടെ പിഴുതെറിയുക എന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം, അത് നേടിയെടുക്കുക തന്നെ ചെയ്യും – അമിത് ഷാ പറഞ്ഞു.
ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ലഭിച്ച അന്താരാഷ്ട്ര പിന്തുണയെ കുറിച്ചും കേന്ദ്ര ആഭ്യ്യന്തരമന്ത്രി എടുത്തുപറഞ്ഞു. ഈ പോരാട്ടത്തില്‍ 140 കോടി ഇന്ത്യക്കാര്‍ മാത്രമല്ല, ലോകം മുഴുവന്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുന്നു. ഭീകരതയ്ക്കെതിരായ ഈ പോരാട്ടത്തില്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഒന്നിച്ചുചേര്‍ന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. ഭീകരവാദം തുടച്ചു നീക്കുന്നത് വരെ പോരാട്ടം തുടരുമെന്നും അത് ചെയ്തവര്‍ക്ക് ഉചിതമായ ശിക്ഷ നല്‍കുമെന്നുമുള്ള ദൃഢനിശ്ചയം ഞാന്‍ ആവര്‍ത്തിക്കുന്നു- അദ്ദേഹം വിശദമാക്കി.