
പ്രധാനമന്ത്രി തലസ്ഥാനത്ത്; വിഴിഞ്ഞം നാളെ രാജ്യത്തിന് സമർപ്പിക്കും; കനത്ത സുരക്ഷ
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. ഇന്നു രാത്രി 7:45 ഓടെയാണ് അദ്ദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ടെക്നിക്കൽ ഏരിയയിൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എത്തിയത്. മുഖ്യമന്ത്രി, ശശി തരൂർ എംപി, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മേയർ ആര്യാ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി, ഡി.ജി.പി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഇരുപതോളം ബി.ജെ.പി നേതാക്കൾ എന്നിവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
വിമാനത്താവളത്തിൽ നിന്നും റോഡുമാർഗമാണ് അദ്ദേഹം രാജ്ഭവനിലെത്തിയത്. രാജ്ഭവനിൽ ഇന്നു രാത്രി തങ്ങിയശേഷം നാളെ രാവിലെ 10.30-ന് നരേന്ദ്ര മോദി വിഴിഞ്ഞത്തെത്തും. ഇന്നു വൈകിട്ട് 7 മണി മുതൽ നഗരത്തിൽ കനത്ത ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കനത്ത സുരക്ഷയാണ് പഹൽഗാം സംഭവത്തെ തുടർന്ന് പ്രധാനമന്ത്രിക്ക് തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.
എം എസ് സി സെലസ്റ്റിനോ മരസ്കാ എന്ന മദർഷിപ്പിനെയാകും നാളെ രാവിലെ മോദി ആദ്യം സ്വീകരിക്കുക. തുടർന്ന് തുറമുഖം സന്ദർശിച്ച ശേഷം പൊതുസമ്മേളനത്തിൽ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നും നാളെയും തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.