
അതിർത്തികളിൽ ബുള്ളറ്റ് പ്രൂഫ് ബങ്കറുകൾ; അറബിക്കടലിൽ സസൂക്ഷ്മ നിരീക്ഷണം; പോസ്റ്റൽ സർവീസും അവസാനിപ്പിക്കും; സുരക്ഷ ശക്തമാക്കി ഇന്ത്യ
ഇന്ത്യ-പാക് അതിർത്തിയിൽ ബുള്ളറ്റ് പ്രൂഫ് ബങ്കറുകൾ സ്ഥാപിച്ചു. കോസ്റ്റ് ഗാർഡ് അറബിക്കടലിൽ വിശാല നിരീക്ഷണം ഏർപ്പെടുത്തി. പാകിസ്താനുമായി സമുദ്ര അതിർത്തി പങ്കിടുന്ന വടക്ക് പടിഞ്ഞാറൻ തീരമേഖലയിലും സസൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്. ഗുജറാത്ത് തീരത്ത് നാവികസേന പരിശീലനം തുടരുകയാണ്.
കൂടുതൽ ഭീകരാക്രമണങ്ങൾക്ക് പാക് ഭീകരർ തയ്യാറെടുക്കുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടികൾ. അതേസമയം പാകിസ്താനെതിരെ നയതന്ത്ര നീക്കവും ഇന്ത്യ കൂടുതൽ കടുപ്പിച്ചു. പാകിസ്താനിലേക്കുള്ള കപ്പൽ സർവീസുകൾ പൂർണ്ണമായും നിർത്തിവച്ചേക്കും. ഒപ്പം പോസ്റ്റൽ സർവീസും അവസാനിപ്പിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പിന്നാലെ നയതന്ത്ര തലത്തിൽ അഞ്ച് തീരുമാനങ്ങളാണ് ഇന്ത്യ പ്രഖ്യാപിച്ചത്. സിന്ധു നദീജല കരാർ, പാക് പൗരൻമാരെ നാടുകത്തൽ എന്നിവയായിരുന്നു ആദ്യഘട്ട നടപടികൾ. കഴിഞ്ഞ ദിവസം പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമ മേഖലയിലേക്കുളള പ്രവേശനവും നിരോധിച്ചു. തുടർന്നാണ് കപ്പൽ ഗതാഗതം അടക്കമുളള കാര്യങ്ങളിൽ നിയന്ത്രണം കൊണ്ടുവരുന്നത്.