
അർജന്റീനയിൽ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി: സുനാമി മുന്നറിയിപ്പ് നൽകി
അർജന്റീനയുടെയും ചിലിയുടെയും തെക്കൻ തീരങ്ങളിൽ ഭൂചലനം. റിക്ടർ സെകെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി. യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) പ്രകാരം ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അർജന്റീനയിലെ ഉഷുവയയിൽ നിന്ന് ഏകദേശം 219 കിലോമീറ്റർ (173 മൈൽ) തെക്ക് സമുദ്രത്തിനടിയിലാണ്. പ്രാദേശിക സമയം ഉച്ചയ്ക്ക് 1 ഓടെയാണ് ഭൂകമ്പം ഉണ്ടായത്. തുടർന്നുള്ള 15 മിനിറ്റിൽ അതേ പ്രദേശത്ത് 5.4, 5.7, 5.6 തീവ്രത രേഖപ്പെടുത്തിയ മൂന്ന് തുടർചലനങ്ങൾ കൂടി ഉണ്ടായതായി യുഎസ്ജിഎസ് അറിയിച്ചു. സുനാമി മുന്നറിയിപ്പിനെത്തുടർന്ന് ചിലിയുടെ തെക്കൻ തീരപ്രദേശമായ മഗല്ലൻ കടലിടുക്കിലെ മുഴുവൻ തീരപ്രദേശങ്ങളിലെ ആളുകളോടും ഒഴിഞ്ഞുപോകാൻ അധികൃതർ മുന്നറിയിപ്പ് നൽകി.