ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: പി എസ് പ്രശാന്ത് പ്രതി
ആകെ ഇളക്കിമറിച്ച ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി. എസ്. പ്രശാന്തിനെ പ്രതി ചേർത്തു. 2025-ൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ റിപ്പോർട്ടിലാണ് പ്രശാന്തിനെ നാലാം പ്…

ആകെ ഇളക്കിമറിച്ച ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി. എസ്. പ്രശാന്തിനെ പ്രതി ചേർത്തു. 2025-ൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ റിപ്പോർട്ടിലാണ് പ്രശാന്തിനെ നാലാം പ്രതിയായി ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതികൾക്ക് കേസിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
അന്തരിച്ച ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവാണ് കേസിലെ ഒന്നാം പ്രതി. സ്വർണ്ണം നൽകിയ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി രണ്ടാം പ്രതിയായും, സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി മൂന്നാം പ്രതിയായും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റിന് പുറമെ, നിലവിലെ ദേവസ്വം ബോർഡ് അംഗം അഡ്വ. എ. അജികുമാർ (അഞ്ചാം പ്രതി), ശബരിമല തന്ത്രി കണ്ഠരര് രാജീവര് (ആറാം പ്രതി), തിരുവാഭരണം കമ്മീഷണർ രജിലാൽ (ഏഴാം പ്രതി) എന്നിവരെയും കേസിൽ പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. ഉന്നത പദവികളിൽ ഇരിക്കുന്നവർ ഉൾപ്പെടെയുള്ളവർ പ്രതികളായതോടെ കേസ് വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.
ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പുകളായ 316 (2), 316 (5) (വിശ്വാസവഞ്ചന), 336 (2) (വ്യാജരേഖ ചമയ്ക്കൽ), 61(2) (ഗൂഢാലോചന) തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വൻ സുരക്ഷാ ക്രമീകരണങ്ങളുള്ള ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട് നടന്ന ഈ കൊള്ളയിൽ പ്രതികൾ ഓരോരുത്തർക്കും കൃത്യമായ പങ്കാളിത്തമുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിലേക്ക് ഉൾപ്പെടെ പോലീസ് കടക്കുമെന്നാണ് സൂചന.




